MALAYALAM COMMENTARY ON CHANTHAM CHARTHAL

പ്രാരംഭത്തിൽ: ക്നാനായ പാരമ്പര്യപ്രകാരം വിവാഹത്തിനൊരുക്കമായുള്ള ചന്തം ചാർത്തൽ കർമ്മം നാമിപ്പോൾ ആരംഭിക്കുകയാണ്. ചന്തം ചാർത്തുക എന്നാൽ ഭംഗിവരുത്തുക എന്നാണർത്ഥം. മുൻകാലങ്ങളിൽ രാജകുടുംബങ്ങൾ ഷേവ് ചെയ്യുന്നതിന്‌ പറഞ്ഞിരുന്ന ആദരസൂചക പദമാണ്‌ ചന്തം ചാർത്തൽ എന്നത്. വിവാഹത്തിന് ആത്മീയ ഒരുക്കത്തോടൊപ്പം വരനെ ശാരീരികമായി ഒരുക്കുന്ന പരമ്പരാഗത ആചാരമാണിത്. വരന്റെ വീടിനു മുൻവശത്തു സ്ഥാപിക്കുന്ന പന്തലിൽ, വിവാഹത്തലേന്നു രാത്രിയിലായിരുന്നു മുൻകാലങ്ങളിൽ ഈ ചടങ്ങ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ സൗകാര്യാർത്ഥം മറ്റു ദിവസങ്ങളിൽ ബാങ്ക്വറ്റ് ഹോളുകളിൽ നടത്തിവരുന്നു. ഹ്രസ്വമയൊരു പ്രാർത്ഥനാ ശുശ്രൂഷയോടെ നമുക്ക് ഈ ചടങ്ങ് ആരംഭിക്കാം. ദയവായി എഴുന്നേറ്റു നിൽക്കുക.

പ്രാർത്ഥനയ്ക്കു ശേഷം: വരന്റെ സഹോദരി(മാർ) ഇപ്പോൾ വരന് ഇരിക്കാൻ വേണ്ടി ഒരു കുരണ്ടി അഥവാ ഉയരം കുറഞ്ഞ ഇരിപ്പിടം വേദിയിൽ സ്ഥാപിച്ച് പുതിയ വെള്ളമുണ്ടുകൊണ്ട് മൂടുന്നതാണ്. കേരളത്തിൽ കസേരകൾ നിലവിൽ വരുന്നതിനുമുമ്പ് ജനങ്ങൾ ഇരിക്കുവാൻ ഉപയോഗിച്ചിരുന്നത് കുരണ്ടി ആയിരുന്നു. അതിനെ വെളുത്ത പുതിയ വസ്ത്രംകൊണ്ടു മൂടുന്നത് കുലീനതയുടെയും വിശുദ്ധിയുടെയും നവീനതയുടെയും പ്രതീകമാണ്. ലോകത്തിന്റെ പ്രകാശമായ ഈശോയുടെ തിരുസാന്നിധ്യത്തിന്റെ പ്രതീകമായി ഇപ്പോൾ പരമ്പരാഗത രീതിയിൽ കത്തിച്ച കോലുവിളക്ക് വേദിയിൽ സ്ഥാപിക്കുന്നതാണ്.

കുരണ്ടിയും വിളക്കും സ്ഥാപിച്ച ശേഷം: മണവാളനെ ഇപ്പോൾ വരന്റെ അളിയൻ പന്തലിലേക്ക് ആനയിച്ച് കുരണ്ടിയിൽ ഇരുത്തും. ഈ സമയത്ത് മാർ തോമാശ്ലീഹായെ അനുസ്മരിച്ചുകൊണ്ട് പരമ്പരാഗത പ്രാർത്ഥനാ ഗാനമായ “മാർ തോമാൻ” ആലപിക്കും. നമുക്കിപ്പോൾ വരനെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്യാം.

വരൻ സ്റ്റേജിൽ ഇരുന്നു കഴിഞ്ഞ്: മുൻ‌കാലങ്ങളിൽ പുരുഷന്മാർ വിവാഹിതരായിരുന്നത് പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴായിരുന്നു. വിവാഹിതരാകുന്നതുവരെ വരൻ മുഖം വടിച്ചിരുന്നില്ല. വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവാഹത്തലേന്നാളായിരുന്നു ആദ്യത്തെ ഷേവിംഗ്. അതോടോപ്പം മുടിവെട്ടിയൊരുക്കലും നടത്തിയിരുന്നു. അവ നിർവ്വഹിച്ചിരുന്നത് ഗ്രാമത്തിലെ ക്ഷുരകൻ കല്യാണപന്തലിൽ വന്നായിരുന്നു. ഇക്കാലത്ത് പ്രായപൂർത്തിയായശേഷമുള്ള വിവാഹമായതിനാൽ, പ്രതീകാത്മക ആചാരമല്ലാതെ പൂർണ്ണ ഷേവിംഗോ മുടി മുറിക്കലോ നടത്തുന്നില്ല.

ചന്തം ചാർത്തലിന് ക്ഷുരകൻ പന്തലിൽ പ്രവേശിച്ച് മൂന്നു പ്രാവശ്യം സദസ്യരോട് ഉപചാരപൂർവം അനുവാദം തേടും. “പതിനേഴു പരിഷമേൽ മാളോരോട് ചോദിക്കുന്നു, മണവാളച്ചെറുക്കനെ ചന്തം ചാർത്തട്ടേ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പണ്ടുകാലത്ത് കേരളത്തിലെ പതിനേഷു ജാതിക്കാരുടെമേൽ സമുന്നതാധികാരം ക്നാനായക്കാർക്കുണ്ടായിരുന്നതിനെയാണ് അതു സൂചിപ്പിക്കുന്നത്. സദസ്യരുടെ അനുമതി ലഭിച്ച ശേഷം ക്ഷുരകൻ വരനെ ഷേവ് ചെയ്യുകയും മുടി മുറിക്കുകയും ചെയ്യും. ഈ സമയത്ത് ഗായകസംഘം ചന്തംചാർത്തു പാട്ടുൾപ്പെടെയുള്ള പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതാണ്.

എണ്ണ പുരട്ടാൻ അനുമതി തേടുന്നു: വരനെ എണ്ണതേപ്പിക്കുന്നതിനു മുന്നോടിയായി ക്ഷുരകൻ സദസ്യരോട് ഇപ്പോൾ “മണവാളച്ചറുക്കനെ എണ്ണതേപ്പിക്കട്ടേ?” എന്നു മൂന്നുപ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങുന്നതാണ്‌. അതിനുശേഷം അദ്ദേഹം വരന്റെ മുടിയിലും കൈകളിലും കാലുകളിലും എണ്ണ പുരട്ടും.

മിച്ചം വരുന്ന എണ്ണയും പീഠത്തിൽ വിരിച്ചിരിക്കുന്ന പുതിയ വെള്ള തുണിയും ബാർബർക്ക് അവകാശപ്പെട്ടതായതിനാൽ അവ അദ്ദേഹം എടുക്കുകയും കുടുംബത്തിൽനിന്ന് പാരിതോഷികം ഏറ്റുവാങ്ങകയും ചെയ്ത് മടങ്ങുന്നതാണ്.

ബാർബറുടെ സേവനം അവസാനിച്ചശേഷം: ഇപ്പോൾ അളിയൻ വരനെ കുളിക്കാനും മോടിയായ വസ്ത്രാഭരണങ്ങൾ ധരിക്കാനും കൊണ്ടുപോകുന്നു. ആ ഇടവേളയിൽ ഗായകസംഘം ഏതാനും പുരാതനഗാനങ്ങൾകൂടി ആലപിക്കുന്നതാണ്.

വരൻ വേദിയിൽ തിരിച്ചെത്തിയ ശേഷം: കുളിച്ചൊരുങ്ങിയ വരൻ വീണ്ടും വേദിയിലെത്തുകയാണ്. ഇനി നടക്കുന്നത് ഇശ്ചപ്പാടുകൊടുക്കൽ ചടങ്ങാണ്. മണവാളന്റെ സഹോദരി ഇപ്പോൾ ഇശ്ചപ്പാടും വരന്റെ വായ് കഴുകിക്കുന്നതിനുള്ള കിണ്ടിയും കോളാമ്പിയും വേദിയിൽ കൊണ്ടുവരുന്നതാണ്.

വരന്റെ പിതൃസഹോദരൻ രണ്ടാം മുണ്ടു ഞെട്ടും വാലുമിട്ട് തലയിൽ കെട്ടിയിട്ട് ഇശ്ചപ്പാടു കൊടുക്കാൻ സദസ്യരോട് മൂന്നു പ്രാവശ്യം അനുവാദം ചോദിക്കുന്നു. അതിനുശേഷം കിണ്ടിയും കോളാമ്പിയുമുപയോഗിച്ച് വരന്റെ വായ് കഴുകിക്കുന്നു. തുടർന്ന് അപ്പാപ്പൻ സ്വയം കൈ കഴുകിയിട്ട് ഇടതു കരംകൊണ്ട് വലതു കരത്തിന്റെ മുട്ടിൽ താങ്ങി വലതുകൈ ഉപയോഗിച്ച് വെൺപാൽച്ചോറിൽ ചക്കരകലർത്തി ഇശ്ചപ്പാടു വരന്റെ വായിൽ മൂന്നു പ്രാവശ്യം കൊടുക്കുന്നു. തുടർന്ന് മറ്റ് തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങളും തലക്കെട്ട് തോളത്തിട്ടുകൊണ്ട് സ്വയം കൈകഴുകിയിട്ട് ഇച്ചപ്പാടു കൊടുക്കുന്നതാണ്. തുടർന്നും വരന്റെ വായ് കഴുകിക്കുന്നു.

ഇച്ചപ്പാടു കൊടുക്കൽ കഴിഞ്ഞശേഷം: ചന്തം ചാർത്തൽ ചടങ്ങ് കഴിഞ്ഞു. മണവാളനെ ഇപ്പോൾ അളിയൻ വീടിനകത്തേക്ക് കൊണ്ടുപോകുന്നു.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .