പെസഹാ ഭവനത്തിൽ
പെസഹാ ഭക്ഷണം തയ്യാറാക്കൽ
(പുളിപ്പില്ലാത്ത പെസഹാ അപ്പം)
ചേരുവകൾ
പച്ചരി – 1 കിലോഗ്രാം
ഉഴുന്നു പരിപ്പ് – 150 ഗ്രാം
തേങ്ങാ – 2 എണ്ണം
ജീരകം – 30 ഗ്രാം
ചുവന്നുള്ളി – 100 ഗ്രാം
വെളുത്തുള്ളി – 20 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
കുരുത്തോലക്കഷണം – 2 എണ്ണം
പാകം ചെയ്യുന്ന വിധം
പച്ചരിയുടെ മീഡിയം തരി കഴുകി പൊടിച്ച് വറുത്തെടുക്കുക. ഉഴുന്ന് ഓട്ടിൽ എണ്ണ ചേർക്കാതെ ചൂടാക്കി ഉളം ചുവപ്പാകുമ്പോൾ വാങ്ങുക. ഉഴുന്ന് വെള്ളത്തിലിട്ട് കുതിർന്നു കഴിയുമ്പോൾ എടുത്ത് അരയ്ക്കുക. ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും നന്നായി അരച്ചെടുക്കുക. തേങ്ങാ തരി വരത്തക്കവിധം മാത്രം അരയ്ക്കുക. അരിപ്പൊടിയിൽ ഉപ്പും വെള്ളവും ചേർത്തു കുഴയ്ക്കുക. അതിനു ശേഷം ഉഴുന്നും മറ്റും അരച്ചത് കൂട്ടിയോജിപ്പിക്കുക. കൈകൊണ്ടു കോരിയെടുക്കാവുന്ന വിധം മാത്രം വെള്ളം ചേർത്താൽ മതി. വൃത്താകൃതിയിലുള്ള പാത്രങ്ങളിലൊഴിച്ച് ഓശാനയ്ക്കു കിട്ടുന്ന കുരുത്തോല കുരിശാകൃതിയിൽ രണ്ടിഞ്ചു നീളത്തിൽ കുടുംബനാഥ അപ്പത്തിന്മേൽ വയ്ക്കുന്നു. അപ്പച്ചെമ്പിൽ ആവിക്കുവെച്ച് വേവിക്കുക. ഈർക്കിൽകൊണ്ട് കുത്തിനോക്കി അരിപ്പൊടി അതിൽ പിടിക്കുന്നില്ലെങ്കിൽ വെന്തെന്നറിയാം.
ഇണ്ടറി അപ്പത്തിന്റെ പാൽ ചേരുവകൾ
ശർക്കര – 1 കിലോഗ്രാം
തേങ്ങാ – 4 എണ്ണം
ജീരകം – 15 ഗ്രാം
എള്ള് – 25 ഗ്രാം ഓട്ടിൽ വറുത്തെടുക്കുക
ഏലയ്ക്കാ – 4 എണ്ണം
ചുക്ക് – 1 ചെറിയ കഷണം (5 ഗ്രാം)
ഉപ്പ് ആവശ്യത്തിന്
ഇണ്ടറി അപ്പത്തിന്റെ പാൽ ഉണ്ടാക്കുന്ന വിധം
ശർക്കര ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. തേങ്ങാ ചിരണ്ടിയെടുത്ത് 3 പ്രാവശ്യം പിഴിഞ്ഞെടുത്ത പാലിൽ (ഏകദേശം 2 ലിറ്റർ) അരിച്ചെടുത്ത ശർക്കര ചേർത്ത് അടുപ്പത്തുവെച്ച് ഇളക്കിക്കൊണ്ടിരിക്കണം. തികന്നു പോകാതെ ശ്രാദ്ധിക്കണം. കുരുത്തോല 2 ഇഞ്ചു മുറിച്ച് കുരിശാകൃതിയിൽ പാലിൽ ഇടണം. തികന്നു കഴിയുമ്പോൾ 3 സ്പൂൺ വറുത്ത അരിപ്പൊടി അല്പം തേങ്ങാപ്പാലിൽ കലക്കി അതിൽ ഒഴിക്കുക. പാത്രത്തിൽ മൂട്ടിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. തികന്നു കഴിയുമ്പോൾ വറുത്തുവെച്ചിരിക്കുന്ന ജീരകം, എള്ള്, ഏലയ്ക്കാ, ചുക്ക് ഇവ പൊടിച്ച് ഉപ്പും തൂളി ഇറക്കിവയ്ക്കുക.
പെസഹാ അപ്പം മുറിക്കൽ
പെസഹാ വ്യാഴാഴ്ച അത്താഴത്തിനു ശേഷമാണ് അപ്പം മുറിക്കുക. എല്ലാവരും കൂടി ഭയഭക്തിയോടെ എഴുന്നേറ്റുനിന്ന് ഗൃഹനാഥാന്റ നേതൃത്വത്തിൽ പ്രാർത്ഥന ചൊല്ലുന്നു. അതിനുശേഷം ഗൃഹനാഥൻ എഴുന്നേറ്റുനിന്നുകൊണ്ട് കുരിശപ്പത്തിന്മേലുള്ള കുരുത്തോല എടുത്തുമാറ്റി കത്തികൊണ്ട് കുരിശാകൃതിയിൽ അപ്പം മുറിക്കുന്നു. തുടർന്ന് ആവശ്യാനുസരണം ചെറിയ കഷണങ്ങളാക്കി മുറിക്കുന്നു.
മൂത്തവർ മുതൽ ഏവരും ഇരുകൈകൾ നീട്ടി ഭക്തിയോടെ ഗൃഹനാഥന്റെ കൈയ്യിൽ നിന്നും അപ്പം വാങ്ങുന്നു. വലതുകൈയ്യിൽ അപ്പം എടുത്ത് ആദരവു കാണിക്കാൻ ഇടതുകൈയ് വലതുകൈയുടെ മുട്ടിനു താഴെ പിടിച്ചാണ് നല്‍കേണ്ടത്. പാൽ കപ്പുകളിൽ എടുത്ത് അതിൽ അപ്പം മുക്കിയാണ് കഴിക്കുക.
വിശ്വാസികളല്ലാത്തവർക്ക് കുരിശപ്പം കൊടുക്കാറില്ല. അതിനു പകരം കുരിശുവരയ്കാതെ ഇലയിൽ മടക്കിവച്ച് അപ്പം ഉണ്ടാക്കാറുണ്ട്. അപ്പം മുറിയ്ക്കലിനുമുമ്പ് കുട്ടികൾക്കു കൊടുക്കുന്ന അപ്പവും കുരിശു വരയ്കാത്തതാണ്.
കുടുംബത്തിലെ പെസഹാ ഭക്ഷണം (ഇണ്ടറിയപ്പം) മുറിക്കൽ ശുശ്രൂഷ
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂഹം: ആമ്മേൻ.
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂഹം: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
(കുടുംബനാഥ നിലവിളക്കോ തിരിയോ മേശപ്പുറത്തുവച്ച് ദീപം തെളിക്കുന്നു)
കാർമ്മി: പ്രപഞ്ചത്തിന്റെ രാജാവായ ദൈവമേ, പ്രകാശത്തിന്റെ ദാതാവായ കർത്താവേ, അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു. എന്തെന്നാൽ അങ്ങു ഞങ്ങളെ വിശുദ്ധ ജനമായി തെരഞ്ഞെടുത്തു. കരുണയിൽ ഒരു കുടുംബമായി ഞങ്ങളെ പടുത്തുയർത്തി. അങ്ങു ചെയ്ത അത്ഭുതകൃത്യങ്ങളെല്ലാം അനുസ്മരിക്കുന്നതിന് ഈ പെസഹാ ഭക്ഷണത്തിനായി ഞങ്ങൾ ഈ ഭവനത്തിൽ സമ്മേളിച്ചിരിക്കുന്നു. ഇത് അനുഗ്രഹദായകമായി തീരുവാൻ ഞങ്ങളെ സഹായിക്കണമേ. നിത്യനായ സർവ്വേശാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ.
സങ്കീർത്തനം 135
കാർമ്മി: നല്ലവനായ ദൈവത്തെ സ്തുതിക്കുവിൻ.
സമൂഹം: എന്തുകൊണ്ടെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
(ഓരോന്നിനും ആവർത്തിക്കുന്നു).
കാർമ്മി: അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിൻ
കാർമ്മി: അത്ഭുത പ്രവർത്തകനായ കർത്താവിനെ സ്തുതിക്കുവിൻ
കാർമ്മി: ഇസ്രായേൽ ജനത്തെ ഈജിപ്തിൽനിന്നു മോചിപ്പിച്ചവനെ സ്തുതിക്കുവിൻ
കാർമ്മി: ചെങ്കടൽ വിഭജിച്ച് അതിന്റെ നടുവിൽക്കൂടി ഇസ്രായേലിനെ നയിച്ചവനെ സ്തുതിക്കുവിൻ
കാർമ്മി: തന്റെ ജനങ്ങളെയെല്ലാം മരുഭൂമിയിലൂടെ നയിച്ചവനെ സ്തുതിക്കുവിൻ
കാർമ്മി: നമ്മുടെ സങ്കടകാലങ്ങളിൽ നമ്മെ ഓർത്തവനെ സ്തുതിക്കുവിൻ
കാർമ്മി: നമ്മുടെ ശത്രുക്കളിൽനിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിൻ
കാർമ്മി: ലോകത്തിലുള്ള ജീവികൾക്കെല്ലാം ആഹാരം നല്കുന്നവനെ സ്തുതിക്കുവിൻ
കാർമ്മി: സ്വർഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂർവം സ്തുതിക്കുവിൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമൂഹം: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നെക്കും ആമ്മേൻ.
കാർമ്മി: കാരുണ്യവാനായ കർത്താവേ, അങ്ങ് അത്ഭുതകരമായി ഇസ്രായേലിനെ പരിപാലിച്ചതുപോലെ ഞങ്ങളേയും പരിപാലിക്കണമേ. പുതിയ ഉടമ്പടിയിലെ തെരഞ്ഞെടുക്കപ്പെട്ട ജനമായ ഞങ്ങൾ അങ്ങയുടെ സംരക്ഷണം അനുഭവിക്കുവാനും കർത്താവീശോമിശിഹാ ഞങ്ങൾക്കായി നല്കിയ സ്വർഗീയ മന്ന ഭക്ഷിച്ച് ശക്തിയാർജിച്ച് വാഗ്ദത്തഭൂമിയാകുന്ന സ്വർഗരാജ്യത്തിൽ എത്തിച്ചേരുവാനും ഞങ്ങളെ സഹായിക്കണമേ. നിത്യനായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ.
ഗാനം
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വേദപുസ്തക വായന
(പുറപ്പാട് 12:21-31 – 41-42)
മോശ ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ – ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പു കമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോൾ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സ´ന്തതികളും എക്കാലവും ഒരു കല്പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം. ഇതിന്റെ അര്‍ഥമെ´ന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കു¼മ്പോള്‍ പറയണം: ഇത് കര്‍ത്താവിനർപ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ച¸പ്പോൾ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അ¸പ്പോൾ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. അനന്ത´രം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചതു പോലെ ജനം പ്രവർത്തിച്ചു.
സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന് വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ല¸പ്പെട്ടു. ഫറവോയും അവന്റെ സേവകരും ഈജിപ്തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു; ഈജിപ്തില്‍ നിന്നു വലിയ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെ ഉണ്ടായിരുന്നില്ല. ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
നാനൂററിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിന്റെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍ നിന്നു പുറ¸പ്പെട്ടു. അവരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, തലമുറതോറും ഇസ്രായേല്‍ക്കാര്‍ ഉറക്കമിളച്ചിരുന്ന്, ആ രാത്രി കര്‍ത്താവിന്റെ ബഹുമാനാര്‍ഥം ആച രിക്കണം.
സമൂഹം: ദൈവമായ കർത്താവിനു സ്തുതി.
കാർമ്മി: ഇസ്രായേൽക്കാരുടെ ഈജിപ്തിൽനിന്നുള്ള മോചനവും വാഗ്ദത്തഭൂമിയിലേക്കുള്ള കടന്നുപോകലും അതിനായി ദൈവം തന്റെ ശക്തിയേറിയ സാന്നിദ്ധ്യം കാണിച്ചതും അനുസ്മരിക്കുന്ന രാത്രിയാണിത്. പഴയ നിയമത്തിലെ ഇവ ഓർക്കുന്നതോടൊപ്പം, പുതിയനിയമ പെസഹാവഴി മനുഷ്യവർഗം മരണത്തിൽനിന്നു ജീവനിലേക്കു കടക്കുന്നതും, പാപത്തിന്റെ ദാസ്യത്തിൽനിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നതും, ഈ രാത്രിയിൽ നാം ഓർക്കുന്നു. നമ്മുടെ കർത്താവായ ഈശോമിശിഹാ അന്ത്യ അത്താഴത്തിൽ പരിശുദ്ധ കുർബാന സ്ഥാപിച്ചതും, സ്നേഹിക്കാനുള്ള കല്പന നല്കിയതും, ഗെദ്സേമനിയിൽ രക്തം വിയർത്തു പ്രാർത്ഥിച്ചതും, ഈ ശുശ്രൂഷ നമ്മെ അനുസ്മരിപ്പിക്കുന്നു. ഇവയിലോരോന്നിനും ദൈവത്തിനു നന്ദി പറയുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
കാറോസൂസാ
ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും സ്നേഹത്തോടുംകൂടെനിന്ന്, “കർത്താവേ അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു” എന്നേറ്റു പറയാം.
സമൂഹം: കർത്താവേ അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. (ആവർത്തിക്കുന്നു).
ശുശ്രൂഷി: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുവിൻ” എന്നു സ്നേഹത്തിന്റെ കല്പന ഞങ്ങൾക്കു നല്കിയ കർത്താവേ,
ശുശ്രൂഷി: “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു നല്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും സമാധാനം വാഗ്ദാനംചെയ്ത കർത്താവേ,
ശുശ്രൂഷി: പഴയ നിയമത്തിലെ ബലി പൂർത്തിയാക്കി പുതിയ നിയമത്തിലെ സ്നേഹത്തിന്റെ ബലി ഞങ്ങൾക്കു നല്കിയ കർത്താവേ,
ശുശ്രൂഷി: തിരുസഭയുടെ ദൃശ്യതലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ …. പാപ്പായേയും, ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാർ … ശ്രേഷ്ഠമെത്രാപോലീത്തയേയും, ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ … മെത്രാനെയും ഞങ്ങളുടെ പിതാവും രൂപതാദ്ധ്യക്ഷനുമായ … മെത്രാനെയും ഞങ്ങൾക്കു നല്കിയ കർത്താവേ,
ശുശ്രൂഷി: ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ്മ ഉറപ്പിക്കുവാനും കാണിക്കാനും ഒരിക്കൽകൂടി ഈ കുടുംബത്തിലെ പെസഹാ വിരുന്നിൽ പങ്കെടുക്കുവാൻ ഞങ്ങളെ അനുവദിച്ച കർത്താവേ,
ശുശ്രൂഷി: പ്രാർത്ഥിക്കാം നമുക്കു സമാധാനം.
കാർമ്മി: നാം പങ്കുവെയ്ക്കുവാൻ പോകുന്ന ഈ പെസഹാ ഭക്ഷണത്തെയും നമ്മെയും ആശീർവദിക്കുന്നതിനായി നമുക്കു പ്രാർഥിക്കാം.
(ഗൃഹനാഥ അപ്പവും പാലും മേശപ്പുറത്തു വയ്ക്കുന്നു).
കാർമ്മി: സ്നേഹനിധിയായ ദൈവമേ, സമയത്തിന്റെ പൂർണതയിൽ അങ്ങയുടെ പുത്രൻ വന്ന് പഴയ നിയമത്തിലെ പെസഹാ നവീകരിച്ചുവല്ലോ. പഴയ നിയമത്തിലെ പെസഹായും ഈശോമിശിഹാ ഞങ്ങൾക്കായി തന്ന പുതിയ പെസഹായും അനുസ്മരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഒരു കുടുംബമെന്ന നിലയിൽ, സ്നേഹത്തിലും ഒരുമയിലും, ജീവിച്ചും പങ്കുവെച്ചും, ശുശ്രൂഷചെയ്തും ജീവിക്കുവാൻ, ഈ അപ്പം ഭക്ഷിക്കുകയും, ഈ പാൽ പാനം ചെയ്യുകയും ചെയ്യുന്ന, ഈ കുടുംബാംഗങ്ങളെയെല്ലാം സഹായിക്കണമേ. നിത്യനായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ
(കാർമ്മികൻ അപ്പം കുരിശാകൃതിയിൽ മുറിക്കുന്നു. മുതിർന്നവർ മുതൽ കാർമ്മികനിൽനിന്നും അപ്പം ഇരുകൈകളും നീട്ടി വാങ്ങിക്കുന്നു. യഥാസ്ഥാനങ്ങളിലിരുന്ന് കപ്പുകളിൽ പകർന്ന പാലിൽ അപ്പം മുക്കി ഭക്ഷിക്കുന്നു).
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .