MALAYALAM COMMENTARY ON MAYILANCHI IDEEL

പ്രാരംഭത്തിൽ: മണവാട്ടിയെ പച്ചില മൈലാഞ്ചികൊണ്ട് കൂടുതൽ മനോഹരമാക്കുന്ന പരമ്പരാഗത ആചാരമാണ് ഇപ്പോൾ നടത്താൻ പോകുന്ന മൈലാഞ്ചി ഇടീൽ. വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകൾ വധുവിന്റെ വിവാഹ ഒരുക്കം ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾക്കായി മൈലാഞ്ചി ഉപയോഗിച്ചു പോരുന്നു. മൈലാഞ്ചി പേസ്റ്റ് കൈകളിലും കാലുകളിലും നഖങ്ങളിലും പുരട്ടുമ്പോൾ അത് ചർമ്മത്തിൽ ചുവപ്പും തവിട്ടും കലർന്ന താൽക്കാലിക കറ ഉണ്ടാക്കുന്നു. ഉപയോഗിക്കുന്നവരുടെ സംസ്കാരം സന്ദർഭം എന്നിവയ്ക്കനുസരിച്ച്, മൈലാഞ്ചിക്ക് ഭാഗ്യം, സമൃദ്ധി, സംരക്ഷണം, ഫലഭൂയിഷ്ഠത, ജ്ഞാനം, ആരോഗ്യപുഷ്ടി, ആത്മീയ പ്രബുദ്ധത തുടങ്ങിയ അർത്ഥങ്ങളുണ്ട്.
ഇന്ത്യയിലെ ആളുകൾ ശരീരത്തെ ശീതീകരിക്കുന്നതിനും വധുവിന്റെ സുപ്രധാന ദിവസത്തിന് മുമ്പുള്ള മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടുന്നതിനും പ്രകൃതിദത്ത പരിഹാരമായി മൈലാഞ്ചി ഉപയോഗിച്ചു പോരുന്നു.

മൈലാഞ്ചി ഇടീൽ ചടങ്ങിന്റെ ക്നാനായ അർത്ഥം നമ്മുടെ മൈലാഞ്ചി പാട്ടിലും ഇപ്പോൾ ചെയ്യുന്ന ആചാരങ്ങളിലും വ്യക്തമാണ്. ഈ ആഘോഷത്തിന് ശാരീരിക ഭംഗിവരുത്തലിനേക്കാൾ കൂടുതലായ അർത്ഥമുണ്ട്. ആദാമിന്റെ വാരിയെല്ലിൽ നിന്ന് ദൈവം ഹവ്വായെ സൃഷ്ടിച്ചതിനെയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതിലൂടെയുണ്ടായ ആദിപാപത്തെയും ഇത് അനുസ്മരിപ്പിക്കുന്നു. ഹവ്വാ കൈകൊണ്ട് കനി പറിച്ചെടുക്കുകയും അതിനായി കാലിൽ നടക്കുകയും ചെയ്തതിനാൽ, പാപമോചനത്തിന്റെ അടയാളമായി മൈലാഞ്ചി കൈകാലുകളിൽ പുരട്ടുന്നു. ദമ്പതികൾക്ക് ദൈവത്തിൽ നിന്ന് അനുഗ്രഹം തേടിയാണ് ഈ ഗാനം അവസാനിപ്പിക്കുന്നത്.

വധുവിന്റെ ഭവനത്തിനു മുൻവശത്തു സ്ഥാപിക്കുന്ന പന്തലിൽ, വിവാഹത്തലേന്നു രാത്രിയിലായിരുന്നു മുൻകാലങ്ങളിൽ ഈ ചടങ്ങ് നടന്നിരുന്നത്. ഹ്രസ്വമയൊരു പ്രാർത്ഥനാ ശുശ്രൂഷയോടെ നമുക്ക് ഈ ചടങ്ങ് ആരംഭിക്കാം. ദയവായി എഴുന്നേറ്റു നിൽക്കുക.

പ്രാർത്ഥനയ്ക്കു ശേഷം: വധുവിന്റെ സഹോദരി(മാർ) ഇപ്പോൾ വധുവിനും മൈലാഞ്ചി അണിയിക്കേണ്ട വല്യമ്മയ്ക്കും ഇരിക്കാൻ വേണ്ടി രണ്ടു കുരണ്ടികൾ അഥവാ ഉയരം കുറഞ്ഞ ഇരിപ്പിടങ്ങൾ വേദിയിൽ സ്ഥാപിച്ച് പുതിയ വെള്ളമുണ്ടുകൊണ്ട് മൂടുന്നതാണ്. കേരളത്തിൽ കസേരകൾ നിലവിൽ വരുന്നതിനുമുമ്പ് ജനങ്ങൾ ഇരിക്കുവാൻ ഉപയോഗിച്ചിരുന്നത് കുരണ്ടി ആയിരുന്നു. അതിനെ വെളുത്ത പുതിയ വസ്ത്രംകൊണ്ടു മൂടുന്നത് കുലീനതയുടെയും വിശുദ്ധിയുടെയും നവീനതയുടെയും പ്രതീകമാണ്. ലോകത്തിന്റെ പ്രകാശമായ ഈശോയുടെ തിരുസാന്നിധ്യത്തിന്റെ പ്രതീകമായി ഇപ്പോൾ പരമ്പരാഗത രീതിയിൽ കത്തിച്ച കോലുവിളക്ക് വേദിയിൽ സ്ഥാപിക്കുന്നതാണ്.

കുരണ്ടിയും വിളക്കും സ്ഥാപിച്ച ശേഷം: മണവാട്ടിയെ ഇപ്പോൾ അവളുടെ ജ്യേഷ്ഠസഹോദരി പന്തലിലേക്ക് ആനയിച്ച് കുരണ്ടിയിൽ ഇരുത്തും. നമുക്കിപ്പോൾ വധുവിനെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്യാം.

വധു വേദിയിൽ ഇരുന്നു കഴിഞ്ഞ്: മൈലാഞ്ചി ഇടീൽ ചടങ്ങിനു കാർമ്മികത്വം വഹിക്കാനുള്ള അവകാശി വധുവിന്റെ പിതൃമാതാവാണ്. കുരണ്ടിയിലിരുന്ന് വധുവിനെ മൈലാഞ്ചി അണിയിക്കാൻ നമുക്ക് അവരെ സ്വാഗതം ചെയ്യാം.

വല്യമ്മ ഇരുന്ന ശേഷം: വധുവിനെ അണിയിക്കുവാനുള്ള പച്ചില മൈലാഞ്ചി കൊണ്ടുവരുവാൻ മണവാട്ടിയുടെ സഹോദരിയെ ക്ഷണിക്കുന്നു.

മൈലാഞ്ചി കൊണ്ടുവന്ന ശേഷം: ഗായകസംഘം ഇപ്പോൾ മൈലാഞ്ചിപ്പാട്ട് ആലപിക്കും. അത് ആരംഭിക്കുമ്പോൾ, വല്യമ്മ വധുവിന്റെ കൈപ്പത്തികളിൽ മൈലാഞ്ചി തേച്ചു പിടിപ്പിക്കുകയും അവയെ കൂട്ടിപിടിക്കുകയും ചെയ്യും. തുടർന്ന് വധുവിന്റെ പാദങ്ങളിലും നഖങ്ങളിലും മൈലാഞ്ചി പുരട്ടുന്നതാണ്.

മൈലാഞ്ചി ഇടീൽ കഴിഞ്ഞ്: ഇനി നടക്കുന്നത് ഇശ്ചപ്പടുകൊടുക്കൽ ചടങ്ങാണ്. മണവാട്ടിയുടെ സഹോദരി ഇപ്പോൾ ഇശ്ചപ്പാടും വധുവിന്റെ വായ് കഴുകിക്കുന്നതിനുള്ള കിണ്ടിയും കോളാമ്പിയും വേദിയിൽ കൊണ്ടുവരുന്നതാണ്.

ഇശ്ചപ്പാടു ചടങ്ങ്: വധുവിന്റെ പിതൃസഹോദരൻ രണ്ടാം മുണ്ടു ഞെട്ടും വാലുമിട്ട് തലയിൽ കെട്ടിയിട്ട് ഇശ്ചപ്പാടു കൊടുക്കാൻ സദസ്യരോട് മൂന്നു പ്രാവശ്യം അനുവാദം ചോദിക്കുന്നു. അതിനുശേഷം കിണ്ടിയും കോളാമ്പിയുമുപയോഗിച്ച് വധുവിന്റെ വായ് കഴുകിക്കുന്നു. തുടർന്ന് അപ്പാപ്പൻ സ്വയം കൈ കഴുകിയിട്ട് ഇടതു കരംകൊണ്ട് വലതു കരത്തിന്റെ മുട്ടിൽ താങ്ങി വലതുകൈ ഉപയോഗിച്ച് വെൺപാൽച്ചോറിൽ ചക്കരകലർത്തി ഇശ്ചപ്പാടു വധുവിന്റെ വായിൽ മൂന്നു പ്രാവശ്യം കൊടുക്കുന്നു. തുടർന്ന് മറ്റ് തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങളും തലക്കെട്ട് തോളത്തിട്ടുകൊണ്ട് സ്വയം കൈകഴുകിയിട്ട് ഇച്ചപ്പാടു കൊടുക്കുന്നതാണ്. തുടർന്നു വധുവിന്റെ വായ് കഴുകിക്കുന്നതാണ്.

ഇച്ചപ്പാടു കൊടുക്കൽ കഴിഞ്ഞശേഷം: മൈലാഞ്ചി ഇടീൽ ചടങ്ങ് അവസാനിച്ചു. മണവാട്ടിയെ ഇപ്പോൾ അവളുടെ സഹോദരി വീടിനകത്തേക്ക് കൊണ്ടുപോകുന്നു.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .