മൈലഞ്ചിയിടീൽ
(മണവാട്ടിയെ പന്തലിൽ കൊണ്ടുവന്ന ശേഷം എല്ലാവരും ചേർന്ന് മാർത്തോമ്മാൻ ഗാനം ആലപിക്കുന്നു.)
മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം
കന്തീശാനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കൈകൂപ്പി നേർന്നു ഞാൻ പെറ്റുവളർത്തൊരു
കന്നിമകളെ ഞാൻ നിന്നെ
തോളും തുടയും മുഖവും മണിമാറും
യോഗത്താലെ പരിശുണ്ട്
എന്റെ മകളെ പരമേറ്റി വെച്ചാറെ
എന്മനസ്സോ തെളിയുന്നു
ചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുൾപെറ്റ പെണ്ണ്
പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിലിവൾക്കൊത്തോരില്ല
നല്ലൊരുനേരം മണർക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്ന്
കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം
ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.
നായകൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ … (സമൂഹവും കൂടി ബാക്കി ചൊല്ലുന്നു).
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
നായകൻ: കർത്താവായ ദൈവമേ, അങ്ങയുടെ സാദൃശ്യത്തിലും ഛായയിലും അങ്ങ് മനുഷ്യനെ സൃഷ്ടിച്ചുവല്ലോ. പുരുഷൻ ഏകനായിരിക്കുന്നതു നന്നല്ലാത്തതുകൊണ്ട് അവന് ഇണയും തുണയുമായി, ദൈവമേ, സ്ത്രീയെ അങ്ങു മെനഞ്ഞെടുത്തു. പാപം ചെയ്തു വിരൂപമാക്കിയ മനുഷ്യത്വത്തെ കർത്താവീശോ മിശിഹാ സ്വരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു. നിമ്മലവും പരിശുദ്ധവുമായ സഭയെ കൃപകൊണ്ടലങ്കരിച്ച് മണവാട്ടിയാക്കിയ ഈശോയേ, ഞങ്ങളുടെ പ്രിയ മകളുടെ വിവാഹവേളയിൽ അങ്ങയുടെ ഈ മകളെ വിശുദ്ധീകരിച്ച് ആശീർവദിച്ച് ആന്തരിക സൗന്ദര്യത്താൽ അലങ്കരിക്കേണമേ. നിത്യനായ സർവ്വേശ്വരാ, ആമ്മേൻ.
വായന: സഹോദരരേ വി. പത്രോസിന്റെ ഒന്നാം ലേഖനത്തിൽനിന്നുള്ള വായന (3:1-6)
ഭാര്യമാരേ, നിങ്ങള്‍ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്കളങ്കവുമായ പെരുമാറ്റം കാണുന്നതു മൂലമാണ് ഇതു സാധ്യമാവുക. ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ ആന്തരിക വ്യക്തിത്വമാണ്. ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്. സാറാ അബ്രാഹത്തെ നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
നായകൻ: കർത്താവായ ദൈവമേ, നല്ല ഭാര്യയും നല്ല മാതാവും ആകുവാനുള്ള കഴിവും പക്വതയും നിന്റെ മകൾക്കു പ്രദാനം ചെയ്യണമേ. “ഇതാ കർത്താവിന്റെ ദാസി” എന്നു പറഞ്ഞ് പൂർണമായി സമർപ്പിച്ച പരിശുദ്ധ അമ്മയെപ്പോലെ ഇവൾ സമർപ്പിതമായ കുടുംബിനിയായിത്തീരട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂഹം: ആമ്മേൻ
(തുടർന്ന് മൈലാഞ്ചിയിടലിന്റെ മറ്റു ചടങ്ങുകൾ നടത്തുന്നു).
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .