രോഗിലേപനം
(രോഗിലേപനം നടത്തുന്ന ഓരോ തവണയും തൈലം വെഞ്ചെരിക്കുന്നതാണ് അഭികാമ്യം. തൈലമായിട്ട് ഒലിവെണ്ണ, വെളിച്ചെണ്ണ, എള്ളെണ്ണ മുതലായ സസ്യ എണ്ണകൾ ഉപയോഗിക്കാം).
കാർമ്മി: (രോഗിയുടെ മുറിയിൽ പ്രവേശിച്ചശേഷം) കർത്താവിന്റെ സമാധാനം നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.
സമൂ: ആമ്മേൻ.
കാർമ്മി: മാമ്മോദീസവഴി തന്റെ മരണത്തിലും ഉത്ഥാനത്തിലും നമ്മെ പങ്കാളിയാക്കിയ മിശിഹാ നിങ്ങളെ വിശുദ്ധീകരിക്കട്ടെ.
സമൂ: ആമ്മേൻ.
(എല്ലാവരുടെമേലും മുറിയിലും വിശുദ്ധജലം തളിക്കുന്നു).
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: കാരുണ്യവാനായ കർത്താവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. ആത്മീകവും ശാരീരികവുമായ ക്ലേശങ്ങൾ അനുഭവിക്കുന്ന ഈ സഹോദരനെ (സഹോദരിയെ) അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ആശ്വസിപ്പിക്കണമേ. രോഗികൾക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന കർത്താവേ, ഈ ലേപനശുശ്രൂഷവഴി ഈ ദാസനു (ദാസിക്ക്) സൗഖ്യം നല്കണമേ. ആത്മനൈർമല്യത്തോടെ ഈ കൂദാശ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
(സങ്കീർത്തനം 32)
കാർമ്മി: കുറ്റങ്ങൾക്കു മാപ്പു കിട്ടിയവനും പാപങ്ങൾക്കു പൊറുതി ലഭിച്ചവനും അത്യന്തം ഭാഗ്യവാനാകുന്നു.
(കാനോനാ) ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം.
സമൂ: കർത്താവിൽ കുറ്റം ചുമത്തപ്പെടാത്തവനും ആത്മാവിൽ കളങ്കമറ്റവനും അനുഗൃഹീതനാകുന്നു.
കാർമ്മി: ഇടവിടാതെ ഞാൻ പ്രലപിച്ചുകൊണ്ടിരുന്നു. അതു രഹസമാക്കി വച്ചതിനാൽ എന്റെ ശരീരം ക്ഷീണിച്ചു.
സമൂ: എന്റെ കുറ്റം ഞാൻ ഏറ്റുപറഞ്ഞു. പാപങ്ങളൊന്നും മറച്ചുവച്ചില്ല.
കാർമ്മി: എന്റെ പാപങ്ങൾ ഏറ്റുപറയുമ്പോൾ അവിടുന്ന് അതെല്ലാം ക്ഷമിക്കും.
സമൂ: നീതിമാന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ, നിമ്മലഹൃദയരേ, അവിടുത്തെ വാഴ്ത്തുവിൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാർമ്മി: (കാനോനാ) ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം.
ശുശ്രൂഷി: നമ്മുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും കഴിഞ്ഞിരുന്നവർക്കു പ്രകാശവും ജീവനുമായി അവതരിച്ച മിശിഹായേ, നിന്റെ കാരുണ്യം ഞങ്ങളിൽ വർഷിക്കണമേ. മാമ്മോദീസവഴി പാപത്തിന്റെ അടിമത്തത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ച് ദൈവമക്കളാക്കിയതിനും, സ്വർഗ്ഗീയവിരുന്നിന്റെ അച്ചാരവും മുന്നാസ്വാദനവുമായി നിന്റെ ശരീരരക്തങ്ങൾ ഞങ്ങൾക്കു നല്കിയതിനും ഞങ്ങൾ നിനക്കു നന്ദി പറയുന്നു. രോഗികളെ സുഖപ്പെടുത്തി ആശ്വസിപ്പിച്ച നീ ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂ: ആമ്മേൻ.
ഗാനം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ലേഖനം
ശുശ്രൂഷി: സഹോദരരേ വിശുദ്ധ യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം (5:13-16).
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്‌തുതിഗീതം ആലപിക്കട്ടെ.നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്‌ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്‌ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടെുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങൾ ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാർന വളരെ ശക്‌തിയുള്ളതും ഫലദായകവുമാണ്.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
ശുശ്രൂ: നമുക്കു ശ്രദ്ധാപൂർവ്വം നിന്നു പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മി: നിങ്ങൾക്കു + സമാധാനം.
സമൂ: അങ്ങയോടും അങ്ങയുടെ ആത്മാവോടുംകൂടെ.
കാർമ്മി: വി. മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (15:25-31).
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കർമ്മി: എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്‌ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്‌ക്കളും യജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു. തത്സമയം മുടന്തര്‍, വികലാംഗര്‍, അന്‌ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടെുത്തി. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്‌ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്‌മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കാറോസൂസ
ശുശ്രൂ: രോഗികൾക്കു സൗഖ്യവും പാപികൾക്കു മോചനവും നല്കിയ കർത്താവിനോട് “ഈ സഹോദരന്റെ (സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ” എന്നു പ്രാർത്ഥിക്കാം.
സമൂ: ഈ സഹോദരന്റെ(സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: മരണംവഴി സഹനത്തിന്റെ മഹത്ത്വം ഞങ്ങളെ പഠിപ്പിച്ച കർത്താവേ,
ശുശ്രൂ: “എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നു പറഞ്ഞുകൊണ്ട് പിതാവിനു പൂർണ്ണമായി സമർപ്പിച്ച കർത്താവേ,
സമൂ: ഈ സഹോദരന്റെ(സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: എഴുന്നേറ്റ് കിടക്കയുമേറ്റുത്തു വീട്ടിലേക്കു പോകുവാൻ തളവർവാതരോഗിയോടു കല്പിച്ച കർത്താവേ,
സമൂ: ഈ സഹോദരന്റെ(സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: വിശ്വാസവും ലേപനവുംവഴി രോഗികൾക്കു സൗഖ്യം നല്കുന്ന കർത്താവേ,
സമൂ: ഈ സഹോദരന്റെ(സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: രോഗികൾക്ക് ആരോഗ്യവും പാപികൾക്കു മോചനവും ദുഃഖിതർക്ക് ആശ്വാസവും നല്കുന്ന കർത്താവേ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ശാരീരികവും മാനസികവുമായ ക്ലേശങ്ങളാൽ വലയുന്ന ഈ സഹോദരനു(സഹോദരിക്കു)വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ. നിന്റെ കരസ്പർശനത്താൽ ഇയാളെ സുഖപ്പെടുത്തണമേ. രോഗങ്ങളും വേദനകളും സന്തോഷപൂർവ്വം സീകരിച്ച് തിരുഹിതത്തിനു സ്വയം സമർപ്പിക്കുവാനുള്ള ശക്തിയും കൃപാവരവും നല്കി ഇയാളെ അനുഗ്രഹിക്കണമേ, സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
(തൈലം വെഞ്ചരിപ്പ്)
കാർമ്മി: രോഗികൾക്ക് സൗഖ്യം നല്കുന്ന കാരുണ്യവാനായ കർത്താവേ, നിന്റെ പരിശുദ്ധാത്മാവിനെ അയച്ച് ഈ തൈലം + ആശീർവധിക്കണമേ. ഇത് എല്ലാ രോഗങ്ങൾക്കും ദിവ്യഔ
ഷധമായിരിക്കട്ടെ. ഈ ലേപനംവഴി വേദനകൾ കുറയുകയും ക്ലേശങ്ങൾ അകലുകയും മുറിവുകൾ ഉണങ്ങുകയും ആത്മാവിനും ശരീരത്തിനും സൗഖ്യം ലഭിക്കുകയും ചെയ്യട്ടെ. പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
കൈവയ്പു പ്രാർത്ഥന
കാർമ്മി: (രോഗിയുടെമേൽ വലത്തുകരം നീട്ടി കമഴ്ത്തിപ്പിടിച്ചുകൊണ്ട്) രോഗികളുടെമേൽ കൈവച്ചു പ്രാർത്ഥിച്ചാൽ അവർ സുഖം പ്രാപിക്കുമെന്ന് ശിഷ്യരോട് അരുളിച്ചെയ്ത മിശിഹാ, നിനക്കു സൗഖ്യമരുളട്ടെ. അവിടുന്ന് നിന്റെ പാപങ്ങൾ പൊറുത്ത് നിന്നെ ആശ്വസിപ്പിക്കട്ടെ. നിന്റെ ക്ലേശങ്ങളും സഹനങ്ങലും രക്ഷാകരമായിത്തീരുവാൻ അവിടുന്ന് നിന്നെ സഹായിക്കട്ടെ. നിന്നെ ആശ്വസിപ്പിക്കുവാൻ തന്റെ സ്വർഗ്ഗീയ ദൂതന്മാരെ അവിടുന്നു നിയോഗിക്കട്ടെ. നിന്റെ പ്രിയപ്പെട്ടവരെയും നിന്നെ ശുശ്രൂഷിക്കുന്നവരെയും അവിടുന്നു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂ: ആമ്മേൻ.
(ലേപനം)
വിജ്ഞാപനം: ലേപനംവഴി രോഗികൾ സുഖപ്പെടുമെന്ന് വിശുദ്ധ ലിഖിതങ്ങൾ പ്രസ്താവിക്കുന്നു. വിശ്വാസത്തോടുകൂടിയ ലേപനംകൊണ്ട് സൗഖ്യം ലഭിക്കുമെന്ന വിശുദ്ധ യാക്കോബിന്റെ വാക്കുകൾ നാം ശ്രവിക്കുകയുണ്ടായി. രോഗിക്ക് ആരോഗ്യം പ്രദാനം ചെയ്യുവാനും നഷ്ടപ്പെട്ടു പോയതിനെ കണ്ടെടുക്കുവാനുമായിട്ടാണ് മിശിഹാ വന്നത്. അതുകൊണ്ടാണ് അവിടുന്ന് യഥാർത്ഥ വൈദ്യനും സൗഖ്യദായകനുമായി സ്വയം വിശേഷിപ്പിക്കുന്നത്. മനുഷർ നല്കുന്ന ആശ്വാസവും സമാധാനവും ക്ഷണികവും നശ്വരവുമാണ്. എന്നാൽ അവിടുന്നു നല്കുന്ന സമാധാനം ശാശ്വതവും നിത്യവുമാണ്. അചഞ്ചലമായ വിശ്വാസത്തോടുകൂടി നമുക്ക് ഈ അഭിഷേകകർമ്മം നടത്താം. നിങ്ങൾ മൗനമായി ഈ സഹോദരന്റെ (സഹോദരിയുടെ0 ആത്മീകവും ശാരീരികവുമായ സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: (രോഗിയുടെ നെറ്റിയിൽ കുരിശടയാളത്തിൽ തൈലം പൂശിക്കൊണ്ട്) ആത്മീകവും ശാരീരികവുമായ സൗഖ്യം ലഭിക്കുവാൻ … (പേര്) ലേപനം ചെയ്യപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കണ്ണുകൾ പൂശിക്കൊണ്ട്) ദിവ്യമഹത്ത്വം ദർശിച്ച ഈ കണ്ണുകൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (ചെവികൾ പൂശിക്കൊണ്ട്) ദൈവവചനം ശ്രവിച്ച ഈ കാതുകൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (അധരങ്ങൾ പൂശിക്കൊണ്ട്) ദിവ്യകീർത്തനങ്ങൾ ആലപിച്ച ഈ അധരങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കൈകൾ പൂശിക്കൊണ്ട്) മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ച ഈ കരങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കാലുകൾ പൂശിക്കൊണ്ട്) ദൈവാലയത്തിൽ സഞ്ചരിച്ച ഈ പാദങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
വൈദികർക്ക്
കാർമ്മി: (രോഗിയുടെ നെറ്റിയിൽ കുരിശടയാളത്തിൽ തൈലം പൂശിക്കൊണ്ട്) ആത്മീകവും ശാരീരികവുമായ സൗഖ്യം ലഭിക്കുവാൻ … (പേര്) ലേപനം ചെയ്യപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കണ്ണുകൾ പൂശിക്കൊണ്ട്) ദിവ്യമഹത്ത്വം ദർശിച്ച ഈ കണ്ണുകൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (ചെവികൾ പൂശിക്കൊണ്ട്) ദൈവവചനം ശ്രവിച്ച ഈ കാതുകൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (അധരങ്ങൾ പൂശിക്കൊണ്ട്) ദൈവവചനം പ്രഘോഷിച്ച ഈ അധരങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കൈകൾ പൂശിക്കൊണ്ട്) വിശുദ്ധ ബലിയർപ്പിച്ച ഈ കരങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കാലുകൾ പൂശിക്കൊണ്ട്) വിശുദ്ധ സ്ഥലത്തു സഞ്ചരിച്ച ഈ പാദങ്ങൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
(ദിവ്യകാരുണ്യ സ്വീകരണം ഉണ്ടെങ്കിൽ)
കാർമ്മി: “ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ജീവനുള്ള അപ്പമാകുന്നു. എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും” എന്നരുളിച്ചെയ്തെ കർത്താവേ, ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുവാൻ ഈ ദാസനെ (ദാസിയെ) യോഗ്യനാ(യാ)ക്കണമേ. അവയുടെ ശക്തിയാൽ ഇയാൾക്കു പാപമോചനവും നിത്യജീവനും ലഭിക്കമാറാകട്ടെ.
ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം. അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
(രോഗിയെ ആശീർവദിച്ചുകൊണ്ട്)
കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.
സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.
(വിശുദ്ധകുർബാന നല്കിക്കൊണ്ട്)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും നിനക്കു പാപങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
സമാപനപ്രാർത്ഥനകൾ
കാർമ്മി: സർവ്വശക്തനായ ദൈവമേ, അങ്ങയുടെ അത്ഭുതകരമായ പരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. പാപികൾക്കു മോചനവും രോഗികൾക്കു സൗഖ്യവും ക്ലേശിതർക്ക് ആശ്വാസവും നല്കുവാൻ അങ്ങയുടെ പ്രിയപുത്രനെ ഞങ്ങളുടെ പക്കലേക്കയച്ചതിന് ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ പൈതൃകമായ സംരക്ഷണവും രക്ഷാകരസാന്നിദ്ധ്യവും അനുഭവിക്കുവാൻ ഈ സഹോദരന് (സഹോദരിക്ക്) ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ, കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: കാരുണ്യവാനും സൗഖ്യദായകനുമായ മിശിഹായേ, ഈ സഹോദരനു (സഹോദരിക്കു) വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനയും ലേപനശുശ്രൂഷയും സ്വീകരിച്ച് ഇയാൾക്ക് ആന്മീകവും ശാരീരികവുമായ സാന്ത്വനം നല്കിയതിന് ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ യൗസേപ്പിന്റെയും ഞങ്ങളുടെ പിതാവായ മാർതോമ്മാശ്ലീയായുടെയും സകല വിശുദ്ധരുടെയും പ്രത്യേകമായി ഈ സഹോദരന്റെ (സഹോദരിയുടെ) മധ്യസ്ഥനാ(യാ)യ വിശുദ്ധ … (പേര്) യും പ്രാർത്ഥനാ സഹായം ഇയാളോടുകൂടി ഉണ്ടായിരിക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
സമാപനാശീർവാദം
കാർമ്മി: (രോഗിയുടെമേൽ വലത്തുകൈ നീട്ടി കമഴ്ത്തിപ്പിടിച്ചുകൊണ്ട്) പിതാവായ ദൈവം നമ്മുടെ കർത്താവീശോമിശിഹാവഴി എല്ലാ ആധ്യാത്മിക ദാനങ്ങളും നല്കിൻ നിന്നെ അനുഗ്രഹിക്കുകയും പാപങ്ങൾ പൊറുത്തു നിന്നെ വിശുദ്ധീകരിക്കുകയും ചെയ്യട്ടെ. മാലാഖമാരെ അയച്ച് നിരന്തരം നിന്നെ സംരക്ഷിക്കട്ടെ. ക്ലേശങ്ങൾ സന്തോഷത്തോടെ സഹിച്ച് മിശിഹായുടെ കുരിശിൽ സ്വയം സമരിപ്പിക്കുവാനും നിത്യസൗഭാഗ്യത്തിലുള്ള പ്രത്യാശയോടെ ജീവിക്കുവാനും അവിടുന്നു നിന്നെ ശക്തനാ(യാ)ക്കട്ടെ. നിന്റെ പ്രിയപ്പെട്ടവരെയും നിന്നെ ശുശ്രൂഷിക്കുന്നവരെയും ഈ തിരുക്കർമ്മത്തിൽ പങ്കെടുത്ത മറ്റെല്ലാവരെയും അവിടുന്നു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും. (എല്ല്ലാവരെയും ആശീർവദിക്കുന്നു.
സമൂ: ആമ്മേൻ.
(കാർമ്മികൻ രോഗിയെ കുരിശു മുത്തിക്കുന്നു).
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .